ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തുടരാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 14) ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ മേഖലയിലെ നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും നിയന്ത്രണങ്ങൾ തുടരും. രാജ്യത്ത് ഉയർന്നു വരുന്ന രോഗവ്യാപനത്തിന്റെയും, മരണനിരക്കിൻെറയും പശ്ചാത്തലത്തിലാണ് ഈ മേഖലകളിൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചിട്ടുള്ളത്. സാമൂഹിക സന്ദർശനങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ മൂലം ഒമാൻ പൗരന്മാരുടെ ഇടയിൽ രോഗം വ്യാപിക്കുന്നതിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്ക് ജൂൺ 13 മുതൽ ജൂലൈ 3 വരെ പൊതുജനങ്ങൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെക്കുകയാണെന്ന് സുപ്രീം കമ്മിറ്റി ജൂൺ 9-നു അറിയിച്ചിരുന്നു. ജൂലൈ 3 വരെ ഏർപ്പെടുത്തിയിരുന്ന ഈ നിയന്ത്രണങ്ങൾ പിന്നീട് ജൂലൈ 17 വരെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഈ നിയന്ത്രങ്ങളാണ് ഇപ്പോൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയിട്ടുള്ളത്.