ഒമാൻ: വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവയ്ക്കുള്ള പുതുക്കിയ COVID-19 മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ COVID-19 മുൻകരുതൽ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിപ്പ് നൽകി. സെപ്റ്റംബർ 23-ന് വൈകീട്ടാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഇത്തരം ഇടങ്ങൾ സന്ദർശിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ, ഇത്തരം ഇടങ്ങളിൽ നടത്തുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ ഈ അറിയിപ്പിൽ ഉൾപ്പെടുന്നു. ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നടത്തുന്ന ചടങ്ങുകൾ സംബന്ധിച്ചുള്ള വിവരം മുൻസിപ്പാലിറ്റി അധികൃതരെ 72 മണിക്കൂർ മുൻപെങ്കിലും അറിയിക്കേണ്ടതാണ്.

ഒമാനിലെ വിവാഹ ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ ചടങ്ങുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്:

  • ഇത്തരം ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ളവരുടെ ഒപ്പ് അടങ്ങിയ ഒരു സത്യവാങ്മൂലം നിർബന്ധമാണ്.
  • COVID-19 വാക്സിനെടുക്കാത്ത ജീവനക്കാർ, സന്ദർശകർ എന്നിവർക്ക് ഇത്തരം ഇടങ്ങളിൽ പ്രവേശനം നൽകരുത്.
  • ചടങ്ങുകൾ സംബന്ധിച്ചുള്ള വിവരം മുൻസിപ്പാലിറ്റി അധികൃതരെ 72 മണിക്കൂർ മുൻപെങ്കിലും അറിയിക്കേണ്ടതാണ്.
  • COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചുള്ള അറിയിപ്പ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഇത്തരം ചടങ്ങുകളിൽ നിന്ന് COVID-19 രോഗബാധ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അതിന്റെ ഉത്തരവാദിത്വം ഇത്തരം വേദികളുടെ നടത്തിപ്പുകാർക്കായിരിക്കും.
  • സമൂഹ അകലം സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കേണ്ടതാണ്. ഇരിപ്പിടങ്ങൾക്കിടയിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്ന സമയക്രമം ഒരു പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. മുഴുവൻ ജീവനക്കാരും വാക്സിനെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • ജീവനക്കാർക്കും, സന്ദർശകർക്കും ഉപയോഗിക്കാനുള്ള സാനിറ്റൈസറുകൾ ഉറപ്പാക്കേണ്ടതാണ്.
  • ഇത്തരം കേന്ദ്രങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം സന്ദർശകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇത് കണക്കിലെടുത്ത് സമൂഹ അകലം ഉറപ്പാക്കികൊണ്ടായിരിക്കണം അതിഥികളെ പ്രവേശിപ്പിക്കേണ്ടത്.
  • ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള ക്വാറന്റീൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.
  • ഇത്തരം വേദികളിലെ അണുനശീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
  • ഇത്തരം വേദികളിലെത്തുന്ന സന്ദർശകർ സ്പർശിക്കാനിടയുള്ള ഇടങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്.
  • സന്ദർശകർ വാക്സിനെടുത്തവരാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം വേദികളിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ സന്ദർശകരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തേണ്ടതാണ്. 37.5 ഡിഗ്രിയ്ക്ക് മുകളിൽ ശരീരോഷ്മാവ് രേഖപ്പെടുത്തുന്നവർക്ക് ഇത്തരം വേദികളിലേക്ക് പ്രവേശനം അനുവദിക്കരുത്.
  • ജീവനക്കാരുടെ ശരീരോഷ്മാവ് ഓരോ ഷിഫ്റ്റുകൾ ആരംഭിക്കുന്നതിന് മുൻപും, തുടർന്ന് ഓരോ ആറ് മണിക്കൂർ ഇടവിട്ടും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
  • ഇത്തരം വേദികളിലേക്ക് അധിക സേവനങ്ങൾ നൽകുന്നതിനായെത്തുന്ന ജീവനക്കാരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തേണ്ടതാണ്.
  • ജീവനക്കാർക്കിടയിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • ജീവനക്കാർ, സന്ദർശകർ തുടങ്ങി ചടങ്ങുകളിലെത്തുന്ന മുഴുവൻ പേർക്കും മാസ്കുകൾ നിർബന്ധമാണ്.
  • രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ജീവനക്കാർ, രോഗബാധിതരുമായി സമ്പർക്കത്തിനിടയായ ജീവനക്കാർ എന്നിവർ ഇത്തരം വേദികളിലേക്ക് പ്രവേശിക്കരുത്.