ഒമാൻ: ആരോഗ്യ സുരക്ഷ കർശനമാക്കാൻ ജനങ്ങൾക്ക് നിർദ്ദേശം; ധോഫർ ഗവർണറേറ്റിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

Family & Lifestyle GCC News

ഒമാനിലെ COVID-19 രോഗനിരക്കിൽ കഴിഞ്ഞ ഏതാനം ദിനങ്ങളിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് കണക്കിലെടുത്ത് കൊണ്ട് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സൈദി നിർദ്ദേശിച്ചു. സമൂഹ അകലം ഉൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജൂൺ 11, വ്യാഴാഴ്ച്ച ചേർന്ന കൊറോണ വൈറസ് അവലോകന പത്രസമ്മളനത്തിൽ അദ്ദേഹം പൊതുസമൂഹത്തിനോട് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച്ച മാത്രം ഒമാനിൽ 1067 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

പൊതുഇടങ്ങളിൽ ജനങ്ങൾ മാസ്കുകൾ ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നത് തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സുരക്ഷാ വീഴ്ചകൾ സമൂഹത്തിൽ വൈറസ് വ്യാപനത്തിനിടയാക്കുന്നുണ്ട്. മാസ്കുകൾ സ്വന്തം സുരക്ഷയ്ക്കും, സമൂഹത്തിന്റെ സുരക്ഷയ്ക്കും ആവശ്യമാണെന്നു അറിയിച്ച, ഡോ. അൽ സൈദി, പൊതുഇടങ്ങളിൽ ജനങ്ങൾ തമ്മിൽ 2 മീറ്റർ എങ്കിലും സുരക്ഷിത അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. വൈറസ് വ്യാപിക്കുന്നത് തടയാൻ നിലവിൽ സമൂഹ അകലം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാനിലെ രോഗബാധിതരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഒമാൻ സമൂഹത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും, സമൂഹത്തിന്റെ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ COVID-19 പ്രതിരോധം ശക്തമാക്കാമെന്നും അദ്ദേഹം അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ ജനങ്ങൾ ഉത്തരവാദിത്വത്തോടെ നിറവേറ്റിയതോടെ വൈറസ് വ്യാപനം പിടിച്ച് നിർത്താനായത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ധോഫർ ഗവർണറേറ്റിൽ ലോക്ക്ഡൌൺ; ദുഖം വിലായത്ത് ശനിയാഴ്ച്ച മുതൽ അടച്ചിടാൻ തീരുമാനം

അതിനിടെ വൈറസ് വ്യാപനം തടയാനായി, നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ദുഖം വിലായത്ത് ജൂൺ 13 മുതൽ ജൂലൈ 2 വരെ അടച്ചിടാൻ തീരുമാനിച്ചതായി ഡോ. അൽ സൈദി അറിയിച്ചു. ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്ക്, ജൂൺ 13, ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ജൂലൈ 3 വരെ, പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നത് നിർത്തിവെക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം ധോഫർ ഗവർണറേറ്റിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ധോഫർ ഗവർണറേറ്റിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ആയിരിക്കും നടപ്പിലാക്കുക എന്നും, ഈ കാലയളവിൽ മേഖലയിലേക്കും, തിരിച്ചും പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധോഫറിലേ ജനങ്ങളോട് നിയന്ത്രണങ്ങൾ പാലിക്കാനും, ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.