ഒമാൻ: വേതനം കൃത്യമായി നൽകാത്ത ഏഴ് സ്ഥാപനങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ

Oman

ജീവനക്കാർക്ക് കൃത്യമായ തീയതികളിൽ ശമ്പളം നൽകുന്നതിൽ വീഴ്ച്ച വരുത്തിയ ഏഴ് കമ്പനികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2023 മെയ് 1-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാൻ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒമാൻ തൊഴിൽ നിയമങ്ങളിലെ ആർട്ടിക്കിൾ 51-ന്റെ ലംഘനമാണ് ഈ കമ്പനികളിൽ കണ്ടെത്തിയിരിക്കുന്നത്.

മത്ര വിലായത്തിൽ നടത്തിയ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 18 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ 9 പേർ അനുമതിയില്ലാതെ തൊഴിൽ ഉപേക്ഷിച്ചവരാണെന്നും, ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായും മന്ത്രാലയം വ്യക്തമാക്കി.