രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള പ്രവാസികൾക്ക് റെസിഡൻസി വിസകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ദ്രുതഗതിയിൽ നൽകുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രവർത്തനമാരംഭിച്ചതായി ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് (OPAZ) അറിയിച്ചു. രാജ്യത്തെ ഫ്രീ-സോണുകളിലും, പ്രത്യേക സാമ്പത്തിക മേഖലകളിലും ഉൾപ്പടെ നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള പ്രവാസികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുന്നതാണ്.
ഒമാനിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും, സാമ്പത്തിക മേഖലയിൽ വൈവിധ്യമാർന്ന നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. 2022 ജനുവരി 30-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ക്വിക്ക് മസാർ സർവീസ് എന്ന സേവനമാണ് ഇതുമായി ബന്ധപ്പെട്ട് OPAZ ആരംഭിച്ചിരിക്കുന്നത്. ഈ സംവിധാനം പ്രവാസി നിക്ഷേപകരുടെ റെസിഡൻസി നടപടികൾ ഉൾപ്പടെയുള്ള സേവനങ്ങൾ ലളിതവും, ഏകീകൃതവുമായ രീതിയിലേക്ക് ക്രമീകരിക്കുന്നു. നിക്ഷേപകർക്ക് OPAZ കൊമേർഷ്യൽ രജിസ്ട്രേഷൻ, ഇൻവെസ്റ്റ്മെന്റ് ലൈസൻസ് നടപടികൾ എന്നിവ ഒരേ ദിവസം തന്നെ നൽകുന്നതിനായി അതോറിറ്റിയും, റോയൽ ഒമാൻ പോലീസും സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ഈ സംവിധാനത്തിലൂടെ രാജ്യത്തെ സ്പെഷ്യൽ എക്കണോമിക് സോൺ, ഫ്രീ സോൺ എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി നിക്ഷേപകർക്ക്, കാലതാമസം കൂടാതെ തന്നെ വിവിധ കാലയളവുകളിലേക്കുള്ള റെസിഡൻസി വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള സേവനം ലഭ്യമാകുമെന്ന് OPAZ കൊമേർഷ്യൽ രജിസ്ട്രേഷൻ ആൻഡ് ബിസിനസ് സർവീസസ് വിഭാഗം ഓപ്പറേഷൻസ് മാനേജർ ഡോ. സൈദ് ബിൻ ഖലീഫ അൽ തുരാഷി വ്യക്തമാക്കി. അതോറിറ്റിയുടെ കൊമേർഷ്യൽ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പൂർത്തിയാകുന്നതോടെ, ഇൻവെസ്റ്റ്മെന്റ് ലൈസൻസ് നേടുന്നതിനും ഈ സംവിധാനം അവസരം ഒരുക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.