രാജ്യത്തെ പള്ളികളിലെത്തുന്ന വിശ്വാസികൾ സുപ്രീം കമ്മിറ്റി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് (MERA) മുന്നറിയിപ്പ് നൽകി. 2022 ഏപ്രിൽ 5-നാണ് MERA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് എത്തുന്ന വിശ്വാസികൾ സുപ്രീം കമ്മിറ്റി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നതായുള്ള ഏതാനം റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായി MERA ഈ അറിയിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ വിശ്വാസികളോട് MERA ആഹ്വാനം ചെയ്തത്.
റമദാനിൽ പള്ളികളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ഒമാൻ സുപ്രീം കമ്മിറ്റി നേരത്തെ നൽകിയിട്ടുള്ളത്:
- തറാവീഹ് നമസ്കാരത്തിനെത്തുന്നവർ COVID-19 വാക്സിനെടുത്തിരിക്കണം. വാക്സിനെടുക്കാത്തവർക്കും, 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും തറാവീഹ് നമസ്കാരത്തിനായി പള്ളികളിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ല.
- പള്ളികളിലും, ടെന്റുകളിലും വെച്ച് നടത്തുന്ന ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള ഇഫ്താർ വിരുന്നുകൾക്ക് ഈ വർഷവും അനുമതി ഉണ്ടായിരിക്കുന്നതല്ല.
- പള്ളികളിലെത്തുന്നവർ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.