മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസ് കൂടാതെ രാജ്യത്ത് വിനോദസഞ്ചാരികൾക്ക് താമസസേവനങ്ങൾ നൽകുന്നവർക്ക് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരികൾക്ക് താമസസേവനങ്ങൾ നൽകുന്നതിനായി ടൂറിസം ലൈസൻസ് ലഭിച്ചിട്ടില്ലാത്ത വ്യക്തികളും, സ്ഥാപനങ്ങളും നടത്തുന്ന വില്ലകൾ, അപ്പാർട്മെന്റുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയ്‌ക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്യം നൽകിക്കൊണ്ടാണ് ഇത്തരത്തിൽ അനധികൃതമായി സേവനങ്ങൾ നൽകുന്നവർ പ്രവർത്തിക്കുന്നത്. രാജ്യത്തെ ടൂറിസം നിയമം ’33/2002′, ആർട്ടിക്കിൾ 12 പ്രകാരം, മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസ് ഇല്ലാതെ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിന് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരത്തിൽ ലൈസൻസ് കൂടാതെ ടൂറിസം ഇടങ്ങളിൽ ഹോട്ടലുകൾ, മറ്റു സേവന സ്ഥാപനങ്ങൾ എന്നിവ നടത്തുന്നതിനും ഒമാനിൽ അനുമതി നൽകിയിട്ടില്ല. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനായി ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് നേടുന്നതിനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.