രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിൽ നടത്താനിരുന്ന ആഘോഷപരിപാടികൾ റദ്ദാക്കിയതായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. COVID-19 വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടി.
ഒമാനിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ കണക്കിലെടുത്ത് കൊണ്ട്, വൈറസ് വ്യാപനം തടയുന്നതിനായി, വിദ്യാലയങ്ങളിലെ ദേശീയ ദിനാഘോഷങ്ങൾ റദ്ദാക്കാൻ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
വിദ്യാലയങ്ങളിൽ നടത്തുന്ന ഇത്തരം ആഘോഷ പരിപാടികളിൽ നിന്ന് രോഗബാധയുണ്ടാകാനിടയുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനം. 2021 നവംബർ 16-നാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചിട്ടുണ്ട്.
Cover Image: Oman Ministry of Education [Source: Oman News Agency.]