യു എ ഇ: 2022 ജനുവരി മുതൽ മുഴുവൻ വിദ്യാലയങ്ങളിലും 100 ശതമാനം ശേഷിയിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

GCC News

2022 ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം സെമസ്റ്റർ മുതൽ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും 100 ശതമാനം ശേഷിയിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. 2021 നവംബർ 16, ചൊവ്വാഴ്ച്ച രാത്രിയാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ മുഴുവൻ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ തീരുമാനം ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച നടന്ന NCEMA-യുടെ പത്രസമ്മേളനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കാര്യം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ വിദ്യാലയങ്ങളിൽ നിലവിൽ ആദ്യ സെമസ്റ്ററിൽ തന്നെ പൂർണ്ണ ശേഷിയിലാണ് അധ്യയനം നടപ്പിലാക്കുന്നത്.

രണ്ടാം സെമസ്റ്റർ മുതൽ യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ:

  • രാജ്യത്തെ മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളിലും പൂർണ്ണമായ ശേഷിയിൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും. കർശനമായ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് ഇത് നടപ്പിലാക്കുന്നത്.
  • സ്‌കൂൾ ബസുകൾ പൂർണ്ണ ശേഷിയിൽ സേവനങ്ങൾ നൽകും. സ്‌കൂൾ ബസുകളിലെ മുഴുവൻ യാത്രികർക്കും മാസ്കുകൾ നിർബന്ധമാണ്.
  • വിദ്യാലയങ്ങളിൽ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള PCR ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ തുടരുന്നതാണ്.
  • യൂണിവേഴ്സിറ്റികളിലെ താമസ സംവിധാനങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന ബാധകമാണ്. ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ പ്രത്യേക ഇളവ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ നിബന്ധന ഒഴിവാക്കിയിട്ടുള്ളത്. ഇത്തരക്കാർ ഓരോ ആഴ്ച്ച തോറും PCR ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • കർശനമായ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വിദ്യാലയങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകും. മാസ്കുകളുടെ ഉപയോഗം, ഗ്രീൻ പാസ്, 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് തുടങ്ങിയ സുരക്ഷാ നിബന്ധനകൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്ക് ബാധകമായിരിക്കും.
  • ഇത്തരം നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വിദ്യാലയങ്ങളിൽ പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.

വിദ്യാർത്ഥികൾ, സ്‌കൂൾ ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ NCEMA ആഹ്വാനം ചെയ്തിട്ടുണ്ട്.