ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നവംബർ 1 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ അധ്യയന വർഷത്തിൽ തുറക്കുന്ന വിദ്യാലയങ്ങളിൽ ദിനവും 3 മുതൽ 5 മണിക്കൂർ വരെയായിരിക്കും അനുവദനീയമായ പ്രവർത്തിസമയം. സെപ്റ്റംബർ 10, വ്യാഴാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ പത്രസമ്മളനത്തിൽ ഒമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മദിഹ അൽ ഷൈബാനിയാണ് ഈ വിവരങ്ങൾ അറിയിച്ചത്. വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ചും അവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ സാന്ദ്രത കൂടിയ വിദ്യാലയങ്ങളുടെ പ്രവർത്തന സമയം ദിനവും 5 മണിക്കൂറായും, സാന്ദ്രത കുറഞ്ഞ വിദ്യാലയങ്ങളുടെ 3 മണിക്കൂറായും നിജപ്പെടുത്തുന്നതാണ്. വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനു ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഒരേസമയം പരമാവധി ശേഷിയുടെ 50 ശതമാനം പേർക്കായിരിക്കും യാത്രചെയ്യാൻ അനുവാദം നൽകുന്നത്.
പുതിയ അധ്യയന വർഷവുമായി ബന്ധപ്പെട്ട് ഒമാൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ച മറ്റു സുരക്ഷാ നിബന്ധനകൾ:
- കൈകളുടെ ശുചിത്വം, സാമൂഹിക അകലം, മാസ്കുകളുടെ ഉപയോഗം എന്നിവ ഉറപ്പാക്കേണ്ടതാണ്.
- ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാസ്കുകൾ ഒഴിവാക്കിയിട്ടുണ്ട്. മറ്റു വിദ്യാർഥികൾ വീടുകളിൽ നിന്ന് യാത്രയാകുന്നത് മുതൽ മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. മാസ്കുകൾ ധരിക്കാത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ ബസുകളിൽ പ്രവേശനം നൽകില്ല.
- വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
- വിദ്യാലയങ്ങളിൽ സാനിറ്റൈസറുകൾ, വിദ്യാർത്ഥികളുടെ ശരീരോഷമാവ് പരിശോധിക്കുന്നതിനുള്ള തെർമോമീറ്റർ എന്നിവ മന്ത്രാലയം നൽകുന്നതാണ്.
- നിലവിലെ സാഹചര്യത്തിൽ സുരക്ഷയെ കരുതി വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ അയക്കാൻ ബുദ്ധിമുട്ടുള്ള രക്ഷിതാക്കൾക്ക്, വിദൂര സമ്പ്രദായം തിരഞ്ഞെടുക്കാനുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
- വിദ്യാർത്ഥികളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ, ആ വിവരം രക്ഷിതാക്കൾ ഉടൻ തന്നെ വിദ്യാലയങ്ങളിൽ അറിയിക്കേണ്ടതാണ്.
- ഓരോ ക്ലാസ്സുകളുടെയും പ്രവർത്തനസമയം പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നതാണ്.
ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായും, ഇത് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കുന്നതാണെന്നും സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു അറിയിച്ചിരുന്നു. .