ഒമാനിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി സൃഷ്ടിച്ചതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നവംബർ 25 വരെ ഒമാനിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ പ്രവർത്തിക്കുന്നതല്ല എന്നും, ഇവയുടെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ നവംബർ 25 വരെ ഈ പഠന സംവിധാനം ഉപയോഗിക്കരുത് എന്നുമുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു.
“നവംബർ 25 വരെ പഠന സംവിധാനങ്ങൾ പ്രവർത്തിക്കുന്നതല്ല എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.”, മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
ഇത്തരം വാർത്തകൾ സമൂഹത്തിൽ പരിഭ്രാന്തി പരത്തുന്നതിനായി മാത്രം പ്രചരിപ്പിക്കുന്നതാണെന്ന് വ്യാജസന്ദേശങ്ങളോട് പ്രതികരിച്ച് കൊണ്ട് മന്ത്രാലയം വ്യക്തമാക്കി. ആധികാരികമായ വാർത്തകൾക്കും, അറിയിപ്പുകൾക്കുമായി ഔദ്യോഗിക സ്രോതസുകളെ മാത്രം പിന്തുടരാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.