COVID-19 മരണങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾ തള്ളി ഒമാൻ ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ കഴിഞ്ഞ മൂന്ന് ദിവസത്തെ COVID-19 രോഗബാധിതരുടെയും, കൊറോണ വൈറസ് ബാധ മൂലം രേഖപ്പെടുത്തിയ മരണങ്ങളുടെയും കണക്കുകൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികളെ ഒമാൻ ആരോഗ്യ മന്ത്രാലയം നിഷേധിച്ച് കൊണ്ട് പ്രസ്താവനയിറക്കി. ജനുവരി 24-ന് രാത്രിയാണ് ഇവ സംബന്ധിച്ച് പ്രചരിച്ചിരുന്ന തെറ്റായ വിവരങ്ങൾ തള്ളിക്കൊണ്ട് മന്ത്രലയം അറിയിപ്പ് പുറത്തിറക്കിയത്.

“കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രാജ്യത്ത് 1543 പേർക്ക് COVID-19 രോഗബാധ സ്ഥിരീകരിച്ചതായും, കൊറോണ വൈറസ് ബാധിച്ച് 24 പേർ മരിച്ചതായും അറിയിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിതിവിവരകണക്കുകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ശരിയായ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമാനിൽ 558 പേർക്ക് COVID-19 സ്ഥിരീകരിക്കുകയും,COVID-19 രോഗബാധ മൂലം 4 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസുകളെ പിന്തുടരാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും മറ്റും കാണുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.