രാജ്യത്ത് COVID-19 വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിലെ ആരോഗ്യ സൂചകങ്ങൾ നിരീക്ഷിക്കുന്നതിനും, തുടർനടപടികൾ കൈക്കൊള്ളുന്നതിനുമായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സംഘം നൽകുന്ന സൂചനകൾക്കനുസരിച്ച് രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും, മുഴുവൻ സമയ/ ഭാഗികമായ രാത്രികാല കർഫ്യു നടപടികൾ തുടരുന്നത് സംബന്ധിച്ചും അധികൃതർ തീരുമാനം കൈക്കൊള്ളുന്നതാണ്.
ഒമാനിലെ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് 155/2020 പ്രകാരമാണ് പ്രത്യേക നിരീക്ഷണ സംഘത്തിന് രൂപം നൽകിയത്. ഒമാനിലെ രോഗ പ്രതിരോധ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രിയുടെ നേതൃത്വത്തിലാണ് ഈ നിരീക്ഷണ സംഘം രൂപീകരിച്ചിട്ടുള്ളത്.
ഈ സംഘം രാജ്യത്തൊട്ടാകെയുള്ള ആരോഗ്യ സ്ഥിതി, വൈറസ് വ്യാപനം എന്നിവ പഠനവിഷയമാക്കുകയും, തുടരെ നിരീക്ഷിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് ഇവർ നൽകുന്ന ആരോഗ്യ സൂചനകൾക്കനുസരിച്ച് ഓരോ ഗവർണറേറ്റുകളിലും ഏർപ്പെടുത്തേണ്ട രാത്രികാല നിയന്ത്രണങ്ങൾ സംബന്ധിച്ച് സുപ്രീം കമ്മിറ്റി തീരുമാനമെടുക്കുന്നതാണ്. നിലവിൽ ഒക്ടോബർ 24 വരെ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ (രാത്രി 8 മുതൽ പുലർച്ചെ 5 വരെ) ഒമാനിൽ തുടരുകയാണ്.