ഒമാൻ: അടുത്ത ആഴ്ച്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും വാക്സിനേഷൻ നടപടികളിൽ ഉൾപ്പെടുത്തും

GCC News

അടുത്ത ആഴ്ച്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 25-ന് നടന്ന സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ വാക്സിനേഷൻ നടപടികൾ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കുന്നതിനിടയിലാണ് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ മുഹമ്മദ് അൽ സൈദി ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനായി മുൻഗണന നിശ്ചയിച്ചിരുന്ന വിഭാഗങ്ങളിൽ ഏതാണ്ട് 95% പേരും കുത്തിവെപ്പ് സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ആഴ്ച്ച മുതൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും, കൂടുതൽ ആരോഗ്യ പ്രവർത്തകരെയും വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിലേക്ക് വിദ്യാലയങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് ആവശ്യത്തിന് വാക്സിൻ ലഭ്യമാകുന്നതോടെ വാക്സിനേഷൻ നടപടികൾ കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായവർക്കും, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കും സുരക്ഷ മുൻനിർത്തി എത്രയും വേഗത്തിൽ വാക്സിൻ നൽകുന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ഏതാണ്ട് 60 ശതമാനത്തോളം പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം, നിലവിൽ ഒമാനിൽ നൽകിവരുന്ന വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിൻ ഏത് രാജ്യത്ത് ഉത്പാദിപ്പിക്കുന്നു എന്നത് പ്രധാനമല്ലെന്നും, വാക്സിൻ സുരക്ഷ സംബന്ധിച്ച പഠന റിപ്പോർട്ടുകളാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമെന്ന് ഉറപ്പ് വരുത്താത്ത ഒരു വാക്സിനും ഒമാനിൽ വിതരണം ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.