ഒമാൻ: COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ

Oman

രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികൾ പാലിക്കേണ്ടതായ ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്ന വാക്സിനെടുക്കാത്ത വ്യക്തികൾക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഇത്തരം വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലും, രോഗലക്ഷണങ്ങളില്ലാത്ത സാഹചര്യത്തിലും ഈ നിബന്ധന ബാധകമാണ്.

COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്ന വാക്സിനെടുത്തിട്ടുള്ള വ്യക്തികൾക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ ജീവിതം സാധാരണ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള, വാക്സിനെടുത്തിട്ടുള്ള വ്യക്തികൾ രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പരിശോധന നടത്തേണ്ടതാണ്. ഇവർക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പത്ത് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ വീടുകളിൽ 10 ദിവസത്തേക്ക് സ്വയം ഐസൊലേഷനിൽ തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.