രാജ്യത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളുടെ ലംഘനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ സഈദി ആഹ്വാനം ചെയ്‌തു. സാമൂഹിക ഒത്തുചേരലുകൾ, മറ്റു ആരോഗ്യ നിർദ്ദേശങ്ങളിലെ വീഴ്ചകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കേണ്ടത് ഓരോ പൗരന്റെയും, നിവാസിയുടെയും ദേശീയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജാഗ്രതാ നിർദ്ദേശങ്ങൾ തുടരാൻ അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും, രാജ്യത്ത് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ടുള്ള വിവാഹ ചടങ്ങുകളും, മരണാനന്തര ചടങ്ങുകളും നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ചടങ്ങുകൾക്ക് ആവശ്യമായ ഭക്ഷണമൊരുക്കുന്ന സ്ഥാപനങ്ങൾ, മറ്റു ഒരുക്കങ്ങളിൽ സഹായിക്കുന്ന സ്ഥാപനങ്ങൾ മുതലായവയും COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആളുകൾ ഒത്തുചേരുന്ന എല്ലാ ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഇത്തരം നടപടികൾ തുടരുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് 1500 റിയാലും, ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് 100 റിയാൽ വീതവും പിഴ ചുമത്തുന്നതാണെന്നും, ഇവ കർശനമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ പ്രകടമാകുന്ന ഓരോ നിയമ ലംഘനവും അപ്പോൾ തന്നെ അധികൃതരെ അറിയിക്കാൻ അദ്ദേഹം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.