ഒമാൻ: അസ്ഥിര കാലാവസ്ഥ; വാണിജ്യ സ്ഥാപനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി

GCC News

രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാണിജ്യ സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതായ സുരക്ഷാ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. 2024 ഏപ്രിൽ 14-ന് വൈകീട്ടാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ മഴ കെടുതികളും മറ്റും തുടരുന്ന സാഹചര്യത്തിൽ, വാണിജ്യ സ്ഥാപന ഉടമകൾ അവരുടെ പ്രതിനിധികൾ തുടങ്ങിയവർ താഴെ പറയുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കേണ്ടതാണ്:

  • ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരേണ്ടതും, അവ കൃത്യമായി തൊഴിലാളികളെ അറിയിക്കേണ്ടതുമാണ്.
  • ഔട്ഡോർ ഇടങ്ങളിലുള്ള ഭാരം കുറഞ്ഞ വസ്തുക്കൾ കാറ്റത്ത് പറന്ന് പോകാത്ത രീതിയിൽ കെട്ടി വെച്ച് സുരക്ഷിതമാക്കേണ്ടതാണ്.
  • ക്രെയിനുകൾ, ഭാരം ഉയർത്തുന്ന മറ്റു ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കേണ്ടതാണ്.
  • പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ തൊഴിലാളികളോട് കെട്ടിടങ്ങൾക്കുള്ളിൽ തുടരാൻ ആവശ്യപ്പെടുകയും, വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.
  • തൊഴിൽ സംബന്ധമായ അനാവശ്യമായ യാത്രകൾ, ഡ്രൈവിംഗ് എന്നിവ ഒഴിവാക്കേണ്ടതാണ്.
  • പ്രതികൂല കാലാവസ്ഥ അവസാനിക്കുന്നത് വരെ എല്ലാ ഉൽഖനന പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടതാണ്.
  • ഔട്ഡോർ തൊഴിലിടങ്ങളിലെ പ്രവർത്തികൾ താത്കാലികമായി നിർത്തിവെക്കേണ്ടതാണ്.
  • രാസവസ്തുക്കൾ, മറ്റു അപകടകരമായ വസ്തുക്കൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.
  • ഇത്തരം സാഹചര്യങ്ങളിൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിലും മറ്റുമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • താഴ്വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പ് എല്ലാ തൊഴിലാളികൾക്കും നൽകേണ്ടതാണ്.
  • അടിയന്തിര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ തൊഴിലാളികൾക്ക് നൽകേണ്ടതാണ്.