രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമായ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം ‘299/2023’ എന്ന ഔദ്യോഗിക ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
ഈ ഉത്തരവ് പ്രകാരം ഒമാനിലെ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ വേതനത്തിൽ മാറ്റം വരുത്തുന്ന സാഹചര്യത്തിൽ അവരുടെ വർക്ക് കോൺട്രാക്റ്റ് കൃത്യമായി തൊഴിൽ മന്ത്രാലയത്തിൽ പുതുക്കി ഫയൽ ചെയ്യേണ്ടതാണ്. ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.
ഈ ഉത്തരവ് അനുസരിച്ച്, തൊഴിലാളികളുടെ വേതനം, ശമ്പളത്തീയതി മുതൽ ഏഴ് ദിവസത്തിനകം, ഒമാനിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ലൈസൻസുള്ള പ്രാദേശിക ബാങ്കിലെ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതാണ്. ഒമാൻ തൊഴിൽ മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ എന്നിവർ സംയുക്തമായാണ് ഈ ഇലക്ട്രോണിക് WPS സംവിധാനം നടപ്പിലാക്കുന്നത്.
ഒമാനിലെ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കിടയിൽ തൊഴിലുടമകൾ ശമ്പളം വിതരണം ചെയ്യുന്ന നടപടിക്രമങ്ങൾ ഈ സംവിധാനത്തിലൂടെ അധികൃതർ നിരീക്ഷിക്കുന്നതാണ്. ശമ്പളവിതരണം ഒമാൻ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയക്രമം പാലിച്ച് കൊണ്ടും, തൊഴിൽ കരാറിൽ പറയുന്ന വ്യവസ്ഥകൾ പാലിച്ച് കൊണ്ടും ആണെന്ന് ഉറപ്പ് വരുത്തുന്നതിന് ഈ WPS സംവിധാനം സഹായകമാണ്.
താഴെ പറയുന്ന സാഹചര്യങ്ങളിൽ WPS സംവിധാനത്തിലൂടെ ശമ്പളം വിതരണം ചെയ്യുന്ന ബാധ്യതയിൽ നിന്ന് തൊഴിലുടമയ്ക്ക് ഇളവ് ലഭിക്കുന്നതാണ്:
- തൊഴിലാളിയും, തൊഴിലുടമയും തമ്മിൽ നിയമപരമായ ഒരു തൊഴിൽ തർക്കം നിലനിൽക്കുന്ന, ഇത് മൂലം തൊഴിലാളിയെ താത്‌കാലികമായി പിരിച്ച് വിട്ടിരിക്കുന്ന സാഹചര്യത്തിൽ.
- നിയമപരമായ ന്യായീകരണങ്ങളൊന്നും കൂടാതെ തൊഴിലാളി തൊഴിൽ ഉപേക്ഷിച്ച് പോകുന്ന സാഹചര്യത്തിൽ.
- തൊഴിൽ ആരംഭിച്ച് 30 ദിവസം തികയ്ക്കാത്ത തൊഴിലാളികളുടെ കാര്യത്തിൽ.
- ശമ്പളമില്ലാത്ത അവധിയിൽ തുടരുന്ന തൊഴിലാളികളുടെ കാര്യത്തിൽ.
ഈ നിയമം സംബന്ധിച്ച് വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയം താഴെ പറയുന്ന നിയമനടപടികൾ സ്വീകരിക്കുന്നതാണ്:
- മുന്നറിയിപ്പ്.
- വർക്ക് ലൈസൻസുകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കും.
- അമ്പത് റിയാൽ അഡ്മിനിസ്‌ട്രേറ്റീവ് ഫൈൻ ഇനത്തിൽ ചുമത്തുന്നതാണ്. നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇരട്ടി പിഴ ചുമത്തുന്നതാണ്.