ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

GCC News

വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും, ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കാതിരിക്കാനും രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 11, ബുധനാഴ്ച്ച രാവിലെയാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ആവർത്തിച്ചത്. ബാങ്ക് പ്രതിനിധികൾ, മറ്റു വാർത്താവിനിമയ സേവനദാതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെയെല്ലാം അവകാശപ്പെട്ടുകൊണ്ട്, സാമ്പത്തിക സഹായങ്ങളും, സമ്മാനതുകകളും മറ്റും വാഗ്ദാനം ചെയ്തു കൊണ്ട്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വരുന്ന വ്യാജ ഫോൺ കാളുകൾ, സന്ദേശങ്ങൾ എന്നിവ അവഗണിക്കാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

ഇത്തരം എല്ലാ സന്ദേശങ്ങളും അവഗണിക്കാനും, ഇത്തരം സന്ദേശങ്ങൾ അയക്കുന്നവർക്ക് സ്വന്തം ബാങ്ക് വിവരങ്ങൾ, പിൻ നമ്പറുകൾ മുതലായവ ഒരു കാരണവശാലും നൽകരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 800777444 എന്ന ഹോട്ട് ലൈൻ നമ്പറിലൂടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വൈറീസ് ആൻഡ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗവുമായി പൊതുജനങ്ങൾക്ക് പങ്ക് വെക്കാമെന്നും റോയൽ ഒമാൻ പോലീസ് കൂട്ടിച്ചേർത്തു.