എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്നതിന്റെ ഓർമ്മയ്ക്കായി ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. നാല് സ്റ്റാമ്പുകളാണ് ഈ അവസരത്തിൽ ഒമാൻ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കത്തെക്കുറിച്ചുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ പ്രത്യേക സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുന്തിരിക്കത്തിന്റെ വളർച്ച, വിളവെടുപ്പ്, വ്യാപാരം, ഉപയോഗം എന്നീ നാല് ആശയങ്ങൾ ഉൾകൊള്ളുന്ന കലാസൃഷ്ടികളാണ് ഈ നാല് സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്.
ഒമാൻ എന്ന രാജ്യത്തിന്റെ ആയിരകണക്കിന് വർഷത്തെ വാണിജ്യ, സാംസ്‌കാരിക ചരിത്രത്തിന്റെ പ്രതീകമാണ് കുന്തിരിക്കം. പ്രാചീന കാലഘട്ടം മുതൽ ആധുനിക കാലഘട്ടം വരെ ഒമാൻ നേടിയ പുരോഗതിയിൽ കുന്തിരിക്കത്തിന് വളരെ വലിയ സ്ഥാനമുണ്ട്.
‘ഒമാൻ ലോകത്തിന് നൽകിയ ഉപഹാരങ്ങളിലൊന്നായ കുന്തിരിക്കത്തെ ഈ വിധത്തിൽ ആദരിക്കുന്നതിന് ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കുന്തിരിക്കം ഒമാന്റെ തിളക്കമാർന്ന സംസ്കാരം, പൈതൃകം, ചരിത്രം എന്നിവയുടെ അവിഭാജ്യമായ ഒരു ഘടകമാണ്.’, ഒമാൻ പോസ്റ്റ് സ്റ്റാമ്പ്സ് ആൻഡ് കലക്റ്റിബിൾസ് വിഭാഗം സീനിയർ മാനേജർ മുഹമ്മദ് അൽ റെയ്‌സി അഭിപ്രായപ്പെട്ടു.
കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. സന്ദർശകർക്ക് മുന്നിൽ, ഒമാൻ എന്ന രാജ്യത്തിന്റെ ഗതാഗതം, അറിവ്, നിർമ്മാണം, സുസ്ഥിരത, പര്യവേക്ഷണം എന്നീ മേഖലകളിൽ കുന്തിരിക്കം ചെലുത്തിയിട്ടുള്ള സ്വാധീനം വെളിപ്പെടുത്തുന്ന പ്രദർശനം ഒമാൻ പവലിയന്റെ ആകർഷണങ്ങളിലൊന്നാണ്.