ഒമാനിലെ രാത്രികാല ലോക്ക്ഡൌൺ: ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ മാറ്റിവെച്ചു

Oman

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടത്തുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിലെ കേന്ദ്രത്തിൽ നിന്ന് പ്രവർത്തിദിനങ്ങളിൽ ദിവസവും വൈകീട്ട് 4 മുതൽ രാത്രി 9 മണിവരെയാണ് വാക്സിനേഷൻ സേവനങ്ങൾ പ്രഖ്യാപിച്ചിരുന്നത്. രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചതോടെ ഈ വാക്സിനേഷൻ നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

മസ്കറ്റ് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ നിർത്തലാക്കിയതായി ഡയറക്ടറേറ്റ് വ്യക്തമാക്കി.

രാജ്യത്തെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂൺ 20 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ അനുവദിക്കുന്നതല്ല.

അതേസമയം, ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2021 ജൂൺ 20, ഞായറാഴ്ച്ച രാവിലെ മുതലാണ് രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, പൗരന്മാർ എന്നിവർക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങിയത്.