ഒമാൻ: പൊതുജനങ്ങളോട് COVID-19 നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു

GCC News

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ വീഴ്ച്ചകൾ കൂടാതെ കർശനമായി പാലിക്കാൻ പൗരന്മാരോടും, നിവാസികളോടും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രാജ്യത്തെ ദിനംപ്രതിയുള്ള കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് ആവർത്തിച്ചത്.

കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ രാത്രികാല വാണിജ്യ പ്രവർത്തനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നതുൾപ്പടെയുള്ള ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ സുപ്രീം കമ്മിറ്റി രാജ്യത്ത് ഏർപ്പെടുത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പബ്ലിക് പ്രോസിക്യൂഷൻ ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ഓർമ്മപെടുത്തിയത്.

ഫെബ്രുവരി 12, വെള്ളിയാഴ്ച്ച വൈകീട്ട് മുതൽ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ദിനവും രാത്രി 7 മുതൽ രാവിലെ 6 വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തേക്കാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി.

COVID-19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം തുടരാനും, രാജ്യത്തേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന (കര, കടൽ, വ്യോമ അതിർത്തികളിലൂടെ) മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാനും, രാജ്യത്തുടനീളമുള്ള മുഴുവൻ പൊതു പാർക്കുകളും ബീച്ചുകളും, വിനോദകേന്ദ്രങ്ങളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതോടൊപ്പം എല്ലാ തരം ഒത്ത്‌ചേരലുകളും വിലക്കിയതായും, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, സ്വകാര്യ മേഖലയിലും, സർക്കാർ മേഖലയിലുമുള്ള സേവന കേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി നിജപ്പെടുത്തിയതായും സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.