ഒമാൻ: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്‌വരകൾ മുറിച്ച് കടക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തും

Oman

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം വ്യക്തികൾക്ക് ഇതിന് പുറമെ മൂന്ന് മാസം തടവും ശിക്ഷയായി ലഭിക്കുന്നതാണ്.

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകളും, താഴ്‌വരകളും മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് സ്വന്തം ജീവന് ഭീഷണിയാകുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവന് അപകടം ക്ഷണിച്ച് വരുത്തുന്ന പ്രവർത്തിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തികൾ ഒമാനിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

വെള്ളപ്പൊക്കം അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ അനാവശ്യമായി അപകടം വിളിച്ച് വരുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒമാൻ സിവിൽ ഡിഫൻസ്

രാജ്യത്ത് വെള്ളപ്പൊക്കം അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ അനാവശ്യമായി അപകടം വിളിച്ച് വരുത്തുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒമാൻ സിവിൽ ഡിഫൻസ്, ഒമാൻ ആംബുലൻസ് അതോറിറ്റി എന്നിവർ അറിയിച്ചു. 2022 ജൂലൈ 13-ന് വൈകീട്ട് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വെള്ളപൊക്കം അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ നദികൾ, അരുവികൾ, മറ്റു നീർത്തടങ്ങൾ എന്നിവയിൽ നീന്താൻ ഇറങ്ങുക, നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുക, കുത്തനെയുള്ള പാറക്കെട്ടുകൾ, മലഞ്ചെരിവുകൾ എന്നിവിടങ്ങളിൽ നിൽക്കുക, ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ നിരത്തിയിടുക തുടങ്ങിയ പ്രവർത്തികൾ മറ്റുള്ളവരുടെ ജീവന് കൂടി അപകടമുണ്ടാക്കുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.