ഒമാൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 3 പേരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

GCC News

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. 2021 ഏപ്രിൽ 29-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

ഒമാനിലെ പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ മറികടന്നതായി കണ്ടെത്തിയ ഇവരിൽ 2 പേർ ഒമാൻ പൗരന്മാരും, ഒരാൾ ബംഗ്ലാദേശി പൗരനുമാണ്. രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മറികടന്നതിനാണ് ഇവർക്കെതിരെ നിയമനടപടികൾ കൈകൊണ്ടിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.

ഇവർക്കെതിരെ സൗത്ത് അൽ ബതീന, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിലെ കോടതികൾ ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഇവർക്ക് മൂന്ന് മാസം തടവും, 1000 റിയാൽ വരെ പിഴയും ഉൾപ്പടെയുള്ള ശിക്ഷകൾ വിധിച്ചിട്ടുണ്ട്. ഇതിൽ ബംഗ്ലാദേശി പൗരനെ ഒമാനിൽ നിന്ന് നാട് കടത്തുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.