ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി. ജനുവരി 31, ഞായറാഴ്ച്ചയാണ് ഈ വാക്സിൻ ഒമാനിലെത്തിയത്.
ഞായറാഴ്ച്ച നടന്ന പ്രത്യേക ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. മുനു മഹാവർ ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് വാക്സിൻ കൈമാറി. ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി ചടങ്ങിൽ സന്നിഹിതനായിരുന്നു.
സൗഹൃദ രാജ്യങ്ങളിലേക്ക് COVID-19 വാക്സിൻ വിതരണം ചെയ്യുന്ന ഇന്ത്യൻ സർക്കാരിന്റെ വാക്സിന്‍ മൈത്രി പദ്ധതിയുടെ കീഴിലാണ് ഈ നടപടി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉപഹാരമായി ഒമാന് വാക്സിൻ നൽകുന്ന നടപടി ഇരു രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന മികച്ച ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഡോ. അഹ്‌മദ് അൽ സൈദി നന്ദി അറിയിച്ച് കൊണ്ട് അഭിപ്രായപ്പെട്ടു.