ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് 2021 ഏപ്രിൽ 3-ന് രാജ്യത്തെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ശനിയാഴ്ച്ച ഒമാനിലെത്തിയത്.
ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്മ്യൂണൈസേഷനുമായുള്ള കരാറിന് കീഴിലാണ് ഈ വാക്സിനുകൾ ഒമാനിലെത്തിയത്. ഈ കരാർ പ്രകാരം ഏതാണ്ട് ഒരു ദശലക്ഷം ഡോസ് വാക്സിനാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഓർഡർ നൽകിയിട്ടുള്ളത്.
ഇതുവരെ രാജ്യത്ത് 139522 പേർക്ക് വാക്സിൻ നൽകിയതായും ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഓഗസ്റ്റ് മാസം അവസാനത്തോടെ രാജ്യത്ത് 2 ദശലക്ഷം ഡോസ് COVID-19 വാക്സിൻ ലഭ്യമാകുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ഒബൈദ് അൽ സൈദി വ്യക്തമാക്കിയിട്ടുണ്ട്.