ഒമാൻ: ടൂറിസം മേഖലയിൽ പുത്തൻ ഉണർവ്; സന്ദർശകരുടെ എണ്ണത്തിൽ 39 ശതമാനം വർദ്ധനവ്

GCC News

രാജ്യത്തെ ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷം പുത്തൻ ഉണർവ് രേഖപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2024 ജനുവരി 15-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ടൂറിസം മേഖലയിലെ സൂചികകളിൽ 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്ത് കൊണ്ടാണ് മന്ത്രലായം ഇക്കാര്യം അറിയിച്ചത്.

2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഒമാനിൽ 3,557,000 സന്ദർശകർ എത്തിയതായി മന്ത്രാലയം വ്യക്തമാക്കി. 2022-ലെ ഇതേ കാലയളവിലെ സന്ദർശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 39 ശതമാനം വളർച്ച ദൃശ്യമാണ്.

ഈ കാലയളവിൽ 3 സ്റ്റാർ മുതൽ 5 സ്റ്റാർ വരെ റേറ്റിംഗുള്ള ഹോട്ടലുകളിലെ വരുമാനനിരക്കിൽ 2022-നെ അപേക്ഷിച്ച് 27% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.