COVID-19 വ്യാപന സാഹചര്യത്തെ തുടർന്ന് ഏതാണ്ട് ഏഴു മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ ഒമാനിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്കായി തുറന്നു കൊടുത്തു. ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും വിമാനത്താവളങ്ങളിൽ COVID-19 PCR പരിശോധനകൾ നടത്തുന്നതാണ്.
“ഒമാൻ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന മുഴുവൻ യാത്രികരെയും ഞങ്ങൾ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഒമാനിലെത്തുന്ന മുഴുവൻ യാത്രികരും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.”, സെപ്റ്റംബർ 30-ന് രാത്രി ഒമാൻ എയർപോർട്ട്സ് ട്വിറ്ററിലൂടെ യാത്രികരെ സ്വാഗതം ചെയ്‌ത് കൊണ്ട് അറിയിച്ചു. ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കുള്ള ഏതാനം സുരക്ഷാ നിർദ്ദേശങ്ങൾ അടങ്ങുന്ന ഒരു വീഡിയോ ദൃശ്യം ഒമാൻ എയർപോർട്ട്സ് പങ്ക് വെച്ചിട്ടുണ്ട്.
ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ‘Tarssud+’ ആപ്പിലൂടെ COVID-19 ടെസ്റ്റുകൾക്കായി മുൻകൂർ ബുക്കിംഗ് നടത്താവുന്നതാണ്. ഇതിനു വരുന്ന തുകകൾ ആപ്പിലൂടെ നൽകാവുന്നതാണ്. ഈ പരിശോധനകളിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക്, അവർ ഒമാനിൽ 7 ദിവസത്തിൽ താഴെ മാത്രമേ താമസിക്കുന്നുള്ളൂ എങ്കിൽ, സാധാരണ രീതിയിൽ തുടരാവുന്നതാണ്.
അതേസമയം ഒമാനിൽ 7 ദിവസത്തിലധികം തങ്ങുന്നവർ, കൈകളിൽ ട്രാക്കിംഗ് ബാൻഡ് ധരിക്കുകയും, 14 ദിവസം ക്വാറന്റീനിൽ തുടരുകയും ചെയ്യേണ്ടതാണ്. ഈ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവർ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്.
നിലവിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കാണ് ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം നൽകിയിട്ടുള്ളത്. ഇത്തരക്കാർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന്, ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻകൂർ അനുവാദം ആവശ്യമില്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചിരുന്നു.
ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ രാജ്യത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നവർ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഒമാനിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ, ഓമനിലേക്കുള്ള യാത്രകൾ, യാത്ര വേളയിൽ പുലർത്തേണ്ട മുൻകരുതലുകൾ എന്നിങ്ങിനെ വിവിധ തരത്തിലുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ഈ അറിയിപ്പിലൂടെ CAA വ്യക്തമാക്കിയിട്ടുണ്ട്.