ഒമാൻ: സാംസ്‌കാരിക പരിപാടികൾ, കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ എന്നിവ പുനരാരംഭിക്കുന്നതിന് അനുമതി നൽകി

featured GCC News

രാജ്യത്ത് സാംസ്‌കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി അനുമതി നൽകി. ഇത്തരം പരിപാടികളിൽ ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം നൽകുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

സെപ്റ്റംബർ 19-നാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ താഴെ പറയുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്:

  • സാമൂഹിക, സാംസ്‌കാരിക പരിപാടികൾ.
  • പ്രദർശനങ്ങൾ.
  • സമ്മേളനങ്ങൾ.
  • മതപരമായ പരിപാടികൾ.
  • കായിക മത്സര ഇനങ്ങൾ.

ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകളോടെയാണ് ഒമാനിൽ ഇത്തരം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്:

  • ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന വേദികളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് മാത്രമാണ് പങ്കെടുക്കുന്നതിന് അനുമതി നൽകുന്നത്.
  • സെപ്റ്റംബർ അവസാനത്തിനുള്ളിൽ ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും എടുത്തവർക്ക് മാത്രമാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്.
  • മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങൾ ഇത്തരം പരിപാടികളിലെല്ലാം ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം പരിപാടികൾ നടത്തുന്ന വേദികളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിനായി അധികൃതർ പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.

ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുന്നതായും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാനും സുപ്രീം കമ്മിറ്റി അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബർ 24 മുതൽ രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അറിയിച്ചിരുന്നു.