ഒമാൻ: വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ പുനരാരംഭിക്കുന്നതായി അറിയിപ്പ്

GCC News

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ ഒമാനിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. 2022 ജൂൺ 12 മുതൽ ഇത്തരം സേവനങ്ങൾ പുനരാരംഭിക്കുമെന്നാണ് ഒമാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചിരിക്കുന്നത്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. COVID-19 മഹാമാരിയെത്തുടർന്ന് ഇത്തരം പരിശോധനാ നടപടികൾ ഒമാൻ താത്‌കാലികമായി നിർത്തലാക്കിയിരുന്നു.

2022 ജൂൺ 12, ഞായറാഴ്ച മുതൽ ഇത്തരം സേവനങ്ങൾ പുനരാരംഭിച്ചതായും, മഹാമാരിയ്ക്ക് മുൻപ് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന ചട്ടങ്ങൾ പ്രകാരം സാങ്കേതിക പരിശോധന ആവശ്യമായ വാഹനങ്ങൾക്ക് ഇത്തരം പരിശോധനകൾ നിർബന്ധമാക്കിയതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് വ്യക്തമാക്കി. വാഹനങ്ങളുടെ രേഖകൾ പുതുക്കുന്നതിനുള്ള നടപടികൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പൂർത്തിയാക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.