ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (CEPA) ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഔപചാരിക അംഗീകാരം നൽകി. 2026 ഫെബ്രുവരി 15-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Royal decree issued on the ratification of the Comprehensive Economic Partnership Agreement (CEPA) between #Oman and #India. pic.twitter.com/n8MHVmyyFB
— Oman News Agency (@ONA_eng) February 15, 2026
കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മസ്കറ്റ് സന്ദർശന വേളയിലാണ് CEPA കരാറിലേർപ്പെടുന്നതിനായി ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്. ഈ വ്യാപാര കരാറിന് ഔപചാരിക അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഭാരമാധികാരി ’30/2026′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
ഇതോടെ ഭരണഘടനാ നടപടിക്രമങ്ങൾക്കനുസൃതമായി ഈ കരാർ നടപ്പിലാക്കുന്നതിന് വഴിയൊരുങ്ങുന്നതാണ്.
ഇന്ത്യ – ഒമാൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക, തന്ത്രപരമായ സഹകരണം പുതിയ തലങ്ങളിലേക്കുയർത്തുന്നതിനും, വാണിജ്യം, നിക്ഷേപം, ദീർഘകാല പങ്കാളിത്തം എന്നീ മേഖലകൾക്ക് കരുത്ത് പകരുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ.
ഈ കരാർ ഇന്ത്യയിലെയും, ഒമാനിലെയും ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്ന് കൊടുക്കുന്നതിനും, വാണിജ്യ, വ്യാപാര നീക്കങ്ങൾ സുഗമമാകുന്നതിനും, പൊതു – സ്വകാര്യ മേഖലകളുടെ സഹകരണം കൂടുതൽ മികച്ചതാക്കുന്നതിനും, ഇറക്കുമതിത്തീരുവ കുറയ്ക്കുന്നതിനും സഹായകമാകുന്നതാണ്. ഊർജ്ജം, ചരക്ക് നീക്കം, നിർമ്മാണം, സാങ്കേതികവിദ്യ, പുനരുപയോഗിക്കാവുന്ന ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഈ കരാർ പുതിയ അവസരങ്ങൾ സൃഷ്ടിക്കും.

