ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. കൊറോണ വൈറസ് സാഹചര്യത്തിൽ രാജ്യത്തേർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനം ഓഗസ്റ്റ് 17, തിങ്കളാഴ്ച്ചയാണ് സുപ്രീം കമ്മിറ്റി നടത്തിയത്. ഇതിന്റെ ഭാഗമായി മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിവിധ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതാണ്.
സുപ്രീം കമ്മിറ്റി നിർദ്ദേശപ്രകാരം ഓഗസ്റ്റ് 18 മുതൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ള വാണിജ്യ പ്രവർത്തനങ്ങൾ:
- മത്ര സൂഖ് ചൊവ്വാഴ്ച്ച മുതൽ തുറക്കും. ഏതാണ്ട് അഞ്ച് മാസമായി മത്ര സൂഖ് അടഞ്ഞുകിടക്കുകയാണ്.
- മാളുകൾക്ക് പുറത്തുള്ള അന്താരാഷ്ട്ര, ടൂറിസ്റ്റു റെസ്ടാറന്റുകൾ. മാളുകളിൽ പ്രവർത്തിക്കുന്ന ഇവയുടെ ശാഖകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല.
- ടൂറിസ്റ്റു ഹോട്ടലുകളിലെ സ്പോർട്സ് കേന്ദ്രങ്ങൾ, നീന്തൽകുളങ്ങൾ എന്നിവ. ഇവ അതിഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
- മുൻപ് പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്ത രാജ്യത്തെ മീൻ മാർക്കറ്റുകൾ.
- എല്ലാ പരമ്പരാഗത സൂഖുകളിലെയും വാണിജ്യ സ്ഥാപനങ്ങൾ.
- പത്രങ്ങൾ, മാസികകൾ എന്നിവയുടെ അച്ചടി.
- മിനിസ്ട്രി ഓഫ് മാൻപവറിന്റെ അംഗീകാരമുള്ള ട്രെയിനിങ് സ്ഥാപനങ്ങൾ.
- അന്താരാഷ്ട്ര കായിക മേളകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനത്തിനുള്ള സ്റ്റേഡിയങ്ങൾ.
- ഫോൺ കാർഡുകളുടെ വില്പന.
- കാർ വാഷ് സേവനങ്ങൾ.
- പുകയിലയും അനുബന്ധ ഉത്പന്നങ്ങളും വിൽക്കുന്ന വ്യാപാരശാലകൾ.
- കാമ്പിങ്ങുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ.
- ടെന്റുകളുടെ വിപണനം, അറ്റകുറ്റപണികൾ എന്നിവ നൽകുന്ന സ്ഥാപനങ്ങൾ.