ഒമാനിൽ അടുത്ത അധ്യയന വർഷം നവംബർ 1 മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി

Oman

ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു വ്യക്തമാക്കി. വ്യാഴാഴ്ച്ച ചേർന്ന പ്രത്യേക യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടത്. സ്‌കൂൾ അധികൃതർ, ജീവനക്കാർ, അധ്യാപകർ എന്നിവർ സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാനും സുപ്രീം കമ്മിറ്റി തീരുമാനത്തിലൂടെ അറിയിച്ചിട്ടുണ്ട്.

2020-2021 അധ്യയന വർഷത്തിലെ, സ്‌കൂൾ അധികൃതർ, ജീവനക്കാർ, അധ്യാപകർ എന്നിവരുടെ ആദ്യ പ്രവർത്തനദിനം ആരംഭിക്കുന്നത് ഓഗസ്റ്റ് 30, 2020 വരെ നീട്ടി വെക്കാൻ തീരുമാനിച്ചതായി ഓഗസ്റ്റ് 12-നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. പുതിയ അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ പ്രവർത്തിദിനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഗസ്റ്റ് 12-ലെ അറിയിപ്പിൽ നൽകിയിരുന്നില്ല. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സുപ്രീം കമ്മിറ്റി പുതിയ അധ്യയന വർഷം സംബന്ധിച്ച വ്യക്തത നൽകിയിരിക്കുന്നത്.

ഓഗസ്റ്റ് 13-ലെ അറിയിപ്പ് പ്രകാരം ഒമാനിലെ 2020-2021 അധ്യയന വർഷം സംബന്ധിച്ച് സുപ്രീം കമ്മിറ്റി എടുത്തിട്ടുള്ള തീരുമാനങ്ങൾ:

  • വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കും.സ്‌കൂൾ അധികൃതർ, ജീവനക്കാർ, അധ്യാപകർ എന്നിവർ സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ജോലിയിൽ തിരികെ പ്രവേശിക്കണം.
  • 2020-2021 അധ്യയന വർഷത്തിൽ ഏറ്റവും ചുരുങ്ങിയത് 180 പ്രവർത്തിദിനങ്ങൾ ഉണ്ടായിരിക്കും. വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, ജീവനക്കാരുടെയും അവധിക്കാലം ഇതിനനുസരിച്ച് തീരുമാനിക്കുന്നതാണ്.
  • എല്ലാ വിദ്യാലയങ്ങളിലും മിശ്ര രീതിയിലുള്ള അധ്യയനം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി, ഏതാനം ക്ലാസുകൾ വിദൂര വിദ്യാഭ്യാസ രീതിയിലും, ഏതാനം ക്ലാസുകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടും നൽകുന്നതാണ്. ഇത് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കുന്നതാണ്.