ഒമാനിൽ പുതിയ 50 റിയാൽ ബാങ്ക് നോട്ട് പുറത്തിറക്കാൻ തീരുമാനിച്ചു. ജൂലൈയിൽ തന്നെ ഈ പുതിയ നോട്ടുകൾ പ്രചാരത്തിൽ വരുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുള്ളതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഒമാനിലെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് ഈ പുതിയ കറൻസി നോട്ട് പുറത്തിറക്കുന്നത്. 50 റിയാൽ നോട്ടിന്റെ ആറാം പതിപ്പാണ് ഇപ്പോൾ പുതിയതായി പുറത്തിറക്കാൻ പോകുന്നത്. സുൽത്താൻ ഖാബൂസിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ഈ നോട്ടുകൾ നിരവധി സുരക്ഷാ മുൻകരുതലുകളോടെയാണ് തയ്യാറാക്കുന്നത്.
നോട്ടുകൾ വെളിച്ചത്തിനു നേരെ പിടിക്കുമ്പോൾ തെളിയുന്ന സുൽത്താൻ ഖാബൂസിന്റെ ഛായാചിത്രമടങ്ങിയ വാട്ടർമാർക്ക്, നോട്ടിന്റെ വിവിധ ഇടങ്ങളിലായി ഉപയോഗിച്ചിട്ടുള്ള ഇൻറ്റാഗ്ലിയോ രീതിയിലുള്ള അച്ചടി, നിറം മാറുന്ന തരത്തിലുള്ള സുരക്ഷാ മാർക്കിങ്ങ്, അച്ചടിക്കായി ഉപയോഗിച്ചിട്ടുള്ള മാഗ്നെറ്റിക് മഷി മുതലായവ നോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നു. കാഴ്ചയില്ലാത്തവർക്കായി സ്‌പര്‍ശനക്ഷമമായ അടയാളങ്ങൾ നോട്ടിൽ മുദ്രണം ചെയ്തിട്ടുണ്ട്. 2020 അവസാനത്തോടെ 20, 10, 5, 1 എന്നീ കറൻസി നോട്ടുകളുടെ ആറാം പതിപ്പും സെൻട്രൽ ബാങ്ക് പുറത്തിറക്കുമെന്നാണ് സൂചനകൾ.