രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവ 2021 ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകീട്ട് മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇതോടെ ഓഗസ്റ്റ് 21 ശനിയാഴ്ച്ച വൈകീട്ട് മുതൽ വ്യക്തികളുടെയും, വാഹനങ്ങളുടെയും യാത്രകൾക്കുള്ള രാത്രികാല വിലക്ക്, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള രാത്രികാല നിയന്ത്രണം എന്നിവ ഒഴിവാകുന്നതാണ്. ഇതിന് പുറമെ, 2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ നിവാസികൾക്ക് ഒമാനിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിനും, വിദേശത്ത് നിന്നുള്ളവർക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നവർക്കും COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.