പ്രവാസികൾക്ക് പുതിയ റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുന്നതിനും, പെർമിറ്റുകൾ പുതുക്കുന്നതിനും 2021 ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയതായാണ് ലഭിക്കുന്ന വിവരം.
COVID-19 പശ്ചാത്തലത്തിൽ 2020 മാർച്ച് മാസം മുതൽ റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകൾ ഒമാൻ താത്കാലികമായി നിർത്തലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ജനുവരി 17 മുതൽ ഈ മെഡിക്കൽ പരിശോധനകൾ പുനരാരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്ക് ഇത്തരം മെഡിക്കൽ പരിശോധനകൾ അതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നടത്താവുന്നതാണ്. റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് മെഡിക്കൽ പരിശോധനാ സേവനങ്ങൾ നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ ജനുവരി 17 മുതൽ പ്രവർത്തനമാരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക്, ആദ്യമായി റെസിഡൻസി പെർമിറ്റുകൾക്ക് അപേക്ഷിക്കുന്ന അവസരത്തിൽ മെഡിക്കൽ പരിശോധനകളിൽ മന്ത്രാലയം ഇളവ് നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത ശേഷം ഈ ഇളവുകൾ പിൻവലിക്കാനും, ഇത്തരം പരിശോധനകൾ പുനരാരംഭിക്കാനും മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.