രാജ്യത്തെ ആശുപത്രികളിൽ അടിയന്തിര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ താത്കാലികമായി നീട്ടിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
2021 ഏപ്രിൽ 11, ഞായറാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവെക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം ആരോഗ്യ മന്ത്രാലയം എല്ലാ സ്വകാര്യ ആരോഗ്യസേവന കേന്ദ്രങ്ങൾക്കും നൽകിയിട്ടുണ്ട്.
“രാജ്യത്തെ ദിനംപ്രതിയുള്ള കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലും, സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള COVID-19 രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലും, ആശുപത്രികളിൽ കിടത്തി ചികിത്സ ആവശ്യമായി വരുന്ന മുഴുവൻ സർജിക്കൽ, നോൺ-സർജിക്കൽ ഓപ്പറേഷനുകളുടെയും തീയ്യതികൾ നീട്ടിവെക്കാൻ നിർദ്ദേശിക്കുന്നു.”, മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. അടിയന്തിര സാഹചര്യങ്ങളിലുള്ള സർജറികൾക്ക് മാത്രമാണ് മന്ത്രാലയം അനുമതി നൽകുന്നത്.