ഒമാൻ: അടുത്ത അധ്യയന വർഷത്തിൽ 2700-ൽ പരം പ്രവാസി അധ്യാപകർക്ക് പകരം സ്വദേശികളെ നിയമിക്കാൻ തീരുമാനം

GCC News

അടുത്ത അധ്യയന വർഷത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിലെ 2700-ൽ പരം പ്രവാസി അധ്യാപകരെ ഒഴിവാക്കി അവർക്ക് പകരം പൗരന്മാരെ നിയമിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

മെയ് 29-ന് വൈകീട്ടാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ വിദ്യാലയങ്ങളിൽ നിലവിൽ ജോലിചെയ്യുന്ന 2733 പ്രവാസികളായ അധ്യാപകരെയാണ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇവർക്ക് പകരം ഈ വർഷം അദ്ധ്യാപന പരിശീലനം പൂർത്തിയാക്കിയവരും, നേരത്തെ ഇത്തരം പരീക്ഷകൾ പാസായി അധ്യാപക ജോലിക്കായി കാത്തിരിക്കുന്നവരുമായ ഒമാൻ പൗരന്മാരെയാണ് നിയമിക്കുന്നത്. 2021 ജൂലൈ മാസത്തിന് മുൻപായി പുതിയ അധ്യാപകരുടെ വിവരങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നതാണ്.