2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി. ഓഗസ്റ്റ് 30-നാണ് ഒമാൻ എയർപോർട്ട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം ഇത്തരത്തിൽ നിയന്ത്രിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ തീരുമാനം ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും ഒരുപോലെ ബാധകമാണ്.
“സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഈ തീരുമാനം 2021 സെപ്റ്റംബർ 1 മുതൽ നിലവിൽ വരുന്നതാണ്. രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ പേർക്കും ഈ തീരുമാനം ബാധകമാണ്.”, ഒമാൻ എയർപോർട്ട്സ് അറിയിച്ചു. എയർപോർട്ടിലേക്ക് പ്രവേശിക്കുന്നവർ, പ്രവേശന കവാടങ്ങളിൽ Tarassud+ ആപ്പിലൂടെ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്.
സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ ഒമാൻ തീരുമാനിച്ചതായി ഓഗസ്റ്റ് 19-ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.