ഹിജ്‌റ പുതുവർഷം: ഓഗസ്റ്റ് 10-ന് മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ താത്കാലികമായി നിർത്തിവെക്കും

GCC News

ഹിജ്‌റ പുതുവർഷ അവധിയുടെ പശ്ചാത്തലത്തിൽ, 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികൾ താത്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 8-ന് രാത്രിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

“മുഹറം 1-ന് (2021 ഓഗസ്റ്റ് 10) ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് അവധിയായിരിക്കും”, മസ്കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) അറിയിച്ചു. മസ്കറ്റ് ഗവർണറേറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലും, കോസ്റ്റ് ഹെൽത്ത് കെയറിലുമായി നടക്കുന്ന വാക്സിനേഷൻ നടപടികളാണ് ഓഗസ്റ്റ് 10-ന് നിർത്തിവെക്കുന്നത്. വാക്സിനെടുക്കാൻ ബുക്ക് ചെയ്തവർക്ക് ‘Tarassud Plus’ ആപ്പിലൂടെയും, ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിലൂടെയും ഓഗസ്റ്റ് 10-ന് ലഭിച്ചിട്ടുള്ള മുൻ‌കൂർ അനുമതികൾ പുനഃക്രമീകരിക്കാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

എന്നാൽ നോർത്ത് അൽ ബത്തീന, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ മുതലായ ഗവർണറേറ്റുകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള വാക്സിനേഷൻ നടപടികൾ ഹിജ്‌റ പുതുവർഷ അവധിദിനത്തിലും തടസമില്ലാതെ നടക്കുമെന്ന് അതാത് DGHS അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് (MERA) ഓഗസ്റ്റ് 8-ന് രാത്രി അറിയിച്ചിരുന്നു.