2023 മാർച്ച് 2, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 ഫെബ്രുവരി 26-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം 2023 ഫെബ്രുവരി 27, തിങ്കളാഴ്ച വൈകീട്ട് മുതൽ മാർച്ച് 2 വ്യാഴാഴ്ച വരെ ഒമാനിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. ഇത് മൂലം വടക്കന്‍ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അൽ ഹജാർ മലനിരകളിലും, സമീപ പ്രദേശങ്ങളിലും ഇത് മൂലം ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. മഴയെത്തുടർന്ന് അന്തരീക്ഷ താപനില താഴാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
മരുഭൂമേഖലകളിൽ ശക്തമായ കാറ്റിനെ തുടർന്ന് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.