ഒമാൻ: മസ്കറ്റ് വിമാനത്താവളത്തിനരികിലുള്ള പാർപ്പിട മേഖലകളിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ CAA പ്രഖ്യാപിച്ചു

featured GCC News

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനരികിലുള്ള പാർപ്പിട മേഖലകളിൽ വിമാനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള ഏതാനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2023 ഫെബ്രുവരി 26-നാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നടപടിക്രമങ്ങളാണ് ഒമാൻ CAA പ്രഖ്യാപിച്ചിരിക്കുന്നത്:

  • വിമാനത്താവളത്തിന് ചുറ്റുമുള്ള പാർപ്പിട മേഖലകളിൽ, വിമാനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദം കുറയ്ക്കുന്ന രീതിയിൽ അവയുടെ സഞ്ചാരം പുനഃക്രമീകരിക്കുന്നതിനായി മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ തെക്ക് ഭാഗത്തുള്ള റൺവേ പുനഃസ്ഥാപിക്കുന്ന നടപടികൾ സ്വീകരിക്കുന്നതാണ്.
  • ദിനവും അർദ്ധരാത്രി മുതൽ രാവിലെ അഞ്ച് മണി വരെയുള്ള സമയങ്ങളിൽ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന ദിശ, അൽ മവേലയുടെ തെക്കന്‍ ഭാഗത്ത് നിന്നുള്ളതിൽ നിന്ന് അൽ അതൈബ മേഖലയിൽ കടലിനോട് ചേർന്നുള്ള രീതിയിലേക്ക് മാറ്റുന്നതാണ്. എന്നാൽ മോശം കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ മാത്രം സുരക്ഷ മുൻനിർത്തി അൽ മവേലയുടെ തെക്കന്‍ ഭാഗത്ത് നിന്ന് വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന രീതി തുടരും.
  • മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വലിയ കാർഗോ വിമാനങ്ങൾ ഇറങ്ങുന്നത് ഒഴിവാക്കും (അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ).
  • വിമാനങ്ങളുടെ ശബ്ദം കുറയ്ക്കുന്നതിനായി 2018 ഒക്ടോബർ 11-ന് CAA മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാ തരം വിമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

Cover Image: Oman News Agency.