ഒമാൻ: ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കുന്നു

Oman

ഒമാനിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾക്ക് ടൂറിസം മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഈ നിർദ്ദേശങ്ങൾ പ്രകാരം ഒമാനിൽ എത്തുന്ന സഞ്ചാരികൾക്ക് ആരോഗ്യ ഇൻഷുറൻസ്, ആരോഗ്യനില തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.

സമൂഹ അകലം ഉറപ്പാക്കുന്നതിനായി, വിനോദയാത്രകൾ, മറ്റു സഞ്ചാരപരിപാടികൾ എന്നിവ പരമാവധി 16 പേരടങ്ങുന്ന ചെറു സംഘങ്ങൾക്കായി ചുരുക്കാനും, ഒമാനിൽ പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ബുക്കിങ്ങുകളും ഓൺലൈനിലൂടെ ആക്കുന്നതിനും, പണമിടപാടുകൾക്ക് ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാനും അധികൃതർ നിർദ്ദേശിച്ചു.

ഒമാനിലെ ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:

  • ടൂറിസ്റ്റുകൾ തമ്മിൽ സമൂഹ അകലം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണം.
  • സഞ്ചാരികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.
  • എല്ലാ ബുക്കിങ്ങുകളും ഓൺലൈനിലൂടെയാക്കേണ്ടതാണ്.
  • എല്ലാ സഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് ഉറപ്പു വരുത്തണം
  • ഹോട്ടലുകളിൽ സഞ്ചാരികൾക്കായി പ്രത്യേക കാത്തിരിപ്പ് മേഖലകളും, ചെക്ക്-ഇൻ നടപടികൾക്കായി പ്രത്യേകം പേനകളും ഉപയോഗിക്കണം. റിസപ്‌ഷൻ മേഖലയിൽ സഞ്ചാരികൾ കൂട്ടം കൂട്ടുന്നത് നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കണം.
  • സഞ്ചാരികൾക്കായി ഒരുക്കുന്ന വാഹനങ്ങളിൽ അവരുടെ ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനം ഉൾപ്പെടുത്തണം.
  • ഭക്ഷണം വിളമ്പുന്ന ഇടങ്ങളിൽ യാത്രികർ തമ്മിൽ സുരക്ഷിതമായ അകലം ഉറപ്പാക്കണം. ബുഫേ അനുവദനീയമല്ല.
  • ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ സഞ്ചാരികൾക്കായി പ്രദർശിപ്പിക്കണം.