ഒമാൻ: സ്വകാര്യ ബീച്ചുകൾ അടച്ചിടുന്നതിന് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി

Oman

അതിഥികൾക്ക് സ്വകാര്യ ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഒമാനിലെ ഹോട്ടലുകൾക്ക് മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി. ഒക്ടോബർ 11 മുതൽ രാജ്യത്തെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിർത്തലാക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് രാജ്യത്തെ ഹോട്ടലുകൾക്ക് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയത്.

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ബീച്ചുകളിലേക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളത്. “നിയമ നടപടികൾ ഒഴിവാക്കുന്നതിനായി, ഒക്ടോബർ 11 മുതൽ ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ ഹോട്ടലുകൾ അതിഥികൾക്ക് സ്വകാര്യ ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കരുത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഹോട്ടലുകളിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കേണ്ടതാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് ഒക്ടോബർ 11 മുതൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ, രാത്രി (8 മണി മുതൽ പുലർച്ചെ 5 വരെ) യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഈ തീരുമാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.