സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അൽ ദാഖിലിയാ ഗവർണറേറ്റിലെ സുമൈൽ വിലായത്തിൽ അൽ ഖോബാർ പട്ടണത്തിലാണ് പുതിയ പുരാവസ്‌തു നിർമ്മിതികൾ കണ്ടെത്തിയത്. ഈ മേഖലയിൽ മന്ത്രാലയം നടത്തിയ സർവേയുടെ ഭാഗമായാണ് ഈ കണ്ടെത്തൽ. ഇരുമ്പ് യുഗ കാലഘട്ടത്തിലെ ഒരു കല്ലറ ഈ മേഖലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം 14 കല്ലറകളുടെ അവശിഷ്ടങ്ങൾ മേഖലയിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ പുരാവസ്‌തു നിർമ്മിതികളെക്കുറിച്ച് പഠിക്കുന്നതിനും, അവയെ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുരാവസ്തു സർവേ നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.