ഒമാൻ: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വ്യാജ തൊഴിൽ രേഖകൾ സൃഷ്ടിക്കുന്നതിനെതിരെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

Oman

രാജ്യത്തെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വ്യാജ തൊഴിൽ രേഖകൾ സൃഷ്ടിക്കുന്നതിനെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒമാൻ വംശജരായ ജീവനക്കാരുടേതായി സൃഷ്ടിക്കപ്പെട്ട 180 വ്യാജ തൊഴിൽ രേഖകൾ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയതായി മന്ത്രലയം വ്യക്തമാക്കി.

പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് ആനുപാതികമായി നിർബന്ധമാക്കിയിട്ടുള്ള സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട്, രാജ്യത്തെ ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾ വ്യാജ രേഖകൾ ചമയ്ക്കുന്നതായി മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നടപടികളുമായി ബന്ധപ്പെട്ട് ഒമാനി പൗരന്മാരായവർ തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി രേഖകളിൽ തെറ്റായി രേഖപ്പെടുത്തുന്ന പ്രവണത ഏതാനം സ്ഥാപനങ്ങളിൽ നടന്നു വരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം, ഇത്തരം പ്രവർത്തനങ്ങൾ നിയമലംഘനമാണെന്നും, ചൂഷണമാണെന്നും ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ വ്യാജ തൊഴിൽ രേഖകളിലൂടെ വർക്ക് പെർമിറ്റുകൾ നേടുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കരുതെന്ന് ഒമാൻ പൗരമാരോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.