COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് റോയൽ ഒമാൻ പോലീസ്

GCC News

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ലംഘനങ്ങൾ നടത്തുന്നവരെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായാണ് ഇത്തരം ഒരു നടപടി.

ROP ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് ബ്രിഗേഡിയർ സൈദ് അൽ അസ്മിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 15, വ്യാഴാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റി പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ അറിയിപ്പ് നൽകിയത്.

ഇത്തരം ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇവരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം വിവിധ മാധ്യമങ്ങളിലൂടെ പങ്ക് വെക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ ചെയ്‌ത നിയമ ലംഘനം, ഇവർക്കെതിരെ കൈക്കൊണ്ട നിയമ നടപടികൾ മുതലായ വിവരങ്ങളും ഇത്തരത്തിൽ പങ്ക് വെക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പുറമെ, ഇത്തരം നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ചുമത്തപ്പെടുന്ന പിഴ തുകകൾ ഉടൻ തന്നെ നിർബന്ധമായും അടക്കേണ്ടിവരുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഇതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യുന്നതാണ്.

നിലവിൽ രാജ്യത്തിന് പുറത്തുള്ള, വിസ കാലാവധി അവസാനിച്ച പ്രവാസി തൊഴിലാളികൾക്ക് ഒമാനിലേക്ക് തിരികെ എത്തുന്നതിന് അനുവാദമില്ലെന്നും ഒക്ടോബർ 15-ലെ സുപ്രീം കമ്മിറ്റി പത്രസമ്മേളനത്തിൽ ബ്രിഗേഡിയർ സൈദ് അൽ അസ്മി അറിയിച്ചിരുന്നു.