ഒമാൻ: പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

കഴിഞ്ഞ ഒരാഴ്ച്ചയായി രാജ്യത്തെ പുതിയ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ 2021 മെയ് മാസത്തിൽ ഒമാനിൽ പുതിയ COVID-19 രോഗബാധിതരുടെ എണ്ണം ഏതാണ്ട് അറുപത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഒമാനിൽ പ്രതിദിനം ആയിരത്തിൽ താഴെ പുതിയ COVID-19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്ന COVID-19 രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

മെയ് 20-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ ആകെ 208607 പേർക്കാണ് ഒമാനിൽ COVID-19 രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2239 പേരാണ് ഇതുവരെ ഒമാനിൽ COVID-19 രോഗബാധ മൂലം മരണപ്പെട്ടത്.