രാജ്യത്തെ വിദേശ നിക്ഷേപകരുടെ കമ്പനികളിൽ ചുരുങ്ങിയത് ഒരു ഒമാൻ പൗരനെയെങ്കിലും നിയമിക്കണമെന്ന വ്യവസ്ഥ ഏപ്രിൽ 1 മുതൽ നടപ്പിലാക്കുമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ടറി ആൻഡ് ഇവെസ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. 2024 മാർച്ച് 27-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം സ്ഥാപനങ്ങൾ ഒമാനിൽ പ്രവർത്തിക്കാനാരംഭിക്കുന്നത് മുതൽ ഒരു വർഷത്തിനിടയിൽ ഈ വ്യവസ്ഥ നടപ്പിലാക്കിയിരിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകർ നടത്തുന്ന കമ്പനികൾ ഒരു വർഷം പൂർത്തിയാകുന്നതോടെ അവരുടെ കൊമേർഷ്യൽ രെജിസ്ടറിയിൽ ഒരു ഒമാൻ പൗരനെങ്കിലും ജീവനക്കാരനായി ഉണ്ടായിരിക്കണം.
ഇത്തരം ഒമാനി ജീവനക്കാരെ പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യണമെന്നും, തൊഴിൽ മന്ത്രാലയം മുന്നോട്ട് വെക്കുന്ന സ്വദേശിവത്കരണം സംബന്ധിച്ച വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപകർക്കുള്ള കൊമേർഷ്യൽ രെജിസ്ട്രേഷൻ ഫീസ് കുറയ്ക്കുന്നതിനും, ഇവരെ ഒമാനി നിക്ഷേപകർക്ക് തുല്യമായി പരിഗണിക്കുന്നതിനുമുള്ള മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു വ്യവസ്ഥ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഒമാനിലെ വാണിജ്യ, വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.