ഓൺ അറൈവൽ വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നതിന് മുൻകൂർ വിസ അപേക്ഷകൾ ആവശ്യമില്ലെന്നും, അബുദാബിയിലെത്തിയ ശേഷം വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനിൽ നിന്ന് ഓൺ അറൈവൽ വിസ ലഭിക്കുമെന്നും ഇത്തിഹാദ് വ്യക്തമാക്കി.
ഇതിന് പുറമെ യു എ ഇ പൗരന്മാർ, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്കും അബുദാബിയിലേക്ക് യാത്ര ചെയ്യാവുന്നതാണെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. അബുദാബി ഓൺ അറൈവൽ വിസ അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക https://www.etihad.com/en/fly-etihad/visas എന്ന വിലാസത്തിൽ ലഭ്യമാണ്.
യു എസ് വിസിറ്റർ വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ്, യു കെ വിസ, ആറ് മാസത്തെയെങ്കിലും സാധുത ബാക്കിയുള്ള യൂറോപ്യൻ യൂണിയൻ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പൗരന്മാർക്കും (ചുരുങ്ങിയത് ആറ് മാസത്തെ പാസ്പോർട്ട് കാലാവധി ബാക്കി ഉണ്ടായിരിക്കണം) അബുദാബിയിൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതാണ്.
ഇന്ത്യയിൽ നിന്ന് താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്കും യു എ ഇയിലേക്ക് യാത്ര അനുവദിക്കുന്നതാണെന്ന് ഇത്തിഹാദ് വ്യക്തമാക്കി:
- യു എ ഇ പൗരന്മാർ, ഗോൾഡൻ വിസ, സിൽവർ വിസ.
- യു എ ഇ യിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസക്കാർ (രണ്ടാം ഡോസിന് ശേഷം 14 ദിവസം പൂർത്തിയായിരിക്കണം).
- നയതന്ത്ര ഉദ്യോഗസ്ഥർ, മെഡിക്കൽ ജീവനക്കാർ, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ, യു എ ഇ സർക്കാർ ജീവനക്കാർ, യു എ ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
- യു എ ഇയിൽ മെഡിക്കൽ ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർ.
അതേസമയം, അബുദാബിയിലൂടെ ദുബായിലേക്കോ, മറ്റു എമിറേറ്റുകളിലേക്കോ യാത്ര ചെയ്യുന്നതിന് അബുദാബിയിൽ നിന്ന് അനുവദിച്ചിട്ടുള്ള ടൂറിസ്റ്റ് വിസകളിലുള്ളവർക്ക് മാത്രമായിരിക്കും അനുമതിയെന്നും ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീൻ ലിസ്റ്റ് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ നിയമം ബാധകമല്ല.
എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ഓഗസ്റ്റ് 18 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 20 മുതൽ യു എ ഇയ്ക്ക് പുറത്ത് നിന്ന് സ്വീകരിച്ചിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, യാത്രികർക്ക് തങ്ങളുടെ വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള സേവനം നൽകാൻ അബുദാബി സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
വിദേശരാജ്യങ്ങളിൽ നിന്ന് എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഓഗസ്റ്റ് 14-ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.etihad.com/en-in/travel-updates/abu-dhabi-travel-information എന്ന വിലാസത്തിൽ ഇത്തിഹാദ് എയർവേസ് അറിയിച്ചിട്ടുള്ള അബുദാബിയിലേക്കുള്ള യാത്രാ നിബന്ധനകൾ ലഭ്യമാണ്.